കാസർകോട് / വളാഞ്ചേരി: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും മലപ്പുറം വളാഞ്ചേരിയിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ മദ്രസാ അധ്യാപകൻ ഒടുവിൽ പിടിയിൽ. മലപ്പുറം ആദവനാട് സ്വദേശിയായ എം.കെ. മുഹമ്മദ് ഉസ്താദിനെയാണ് ബീഹാറിലെ ഒളിസങ്കേതത്തിൽ നിന്ന് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വലയിലായതെന്നാണ് വിവരം. പ്രതിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മദ്രസയിൽ അധ്യാപകനായിരിക്കെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ ആദ്യം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ബേക്കൽ പൊലീസ് രണ്ടു പോക്സോ കേസുകൾ എടുത്തതോടെ മുഹമ്മദ് ഉസ്താദ് ഒളിവിൽ പോവുകയായിരുന്നു.
ഈ സംഭവം മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് പ്രതിക്കെതിരെ മലപ്പുറത്തു നിന്നും പരാതികൾ ഉയർന്നത്. മലപ്പുറത്തെ ഒരു മദ്രസയിലെ 14-ഓളം കുട്ടികളെ എം.കെ. മുഹമ്മദ് പീഡിപ്പിച്ചതായി രക്ഷിതാക്കൾ പരാതി നൽകുകയും വളാഞ്ചേരി പൊലീസ് ഇയാൾക്കെതിരെ കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ബേക്കലിൽ നിന്നും മുങ്ങിയ പ്രതിക്കായി വളാഞ്ചേരി പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ബീഹാറിലെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ബീഹാറിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാസർകോട്, മലപ്പുറം ജില്ലകളിലായി ഇരുപതോളം ആൺകുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതിയെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.













Leave a Reply