ഓപ്പറേഷൻ തൂഫാൻ; കാസർകോട് സ്കൂൾ വിദ്യാർഥികൾക്ക് ലഹരിഗുളികകൾ എത്തിക്കുന്ന യുവാവ് അറസ്റ്റിൽ

ചട്ടഞ്ചാൽ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. യു.പിയിലെ അംറോമ്പ ദ്വാർസി സ്വദേശി മൊഹ്ദ് നസീറിനെ(19)യാണ് മേൽപ്പറമ്പ് എസ്.ഐ. പി.കെ. അബ്ബാസും സംഘവും അറസ്റ്റ് ചെയ്തത്. കളനാട്ടെ ഒരു സലൂൺ കടയിൽ ജീവനക്കാരനായ ഇയാൾ 14 വയസ്സുകാരനായ സ്കൂൾ വിദ്യാർഥിക്ക് ലഹരി ഗുളികകൾ കൈമാറുന്നതിനിടയിലാണ് പിടിയിലായത്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ പ്രഖ്യാപിച്ച നാർക്കോ ഹണ്ട് ഓപ്പറേഷൻ ‘തൂഫാൻ്റെ’ ഭാഗമായി തിങ്കളാഴ്‌ച നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

സ്കൂൾ ഗേറ്റിന് സമീപം നാടകീയ രംഗങ്ങൾ

കളനാട്ടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻ്റെ കിഴക്കേ ഗേറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതി, തിളക്കമുള്ള എന്തോ ഒരു വസ്തു‌ കുട്ടിക്ക് കൈമാറുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇവരെ വളഞ്ഞു.

വെളുപ്പും ചുവപ്പും നിറമുള്ള മൂന്ന് ഗുളികകൾ അടങ്ങിയ സ്ട്രിപ്പാണ് പ്രതി കുട്ടിക്ക് നൽകിയിരുന്നത്. കടുത്ത ലഹരിയുളവാക്കുന്നതും, മാനസിക അസുഖങ്ങൾക്ക് ഡോക്‌ടറുടെ കൃത്യമായ കുറിപ്പടി പ്രകാരം മാത്രം നൽകുന്നതുമായ ഗുളികകളാണ് ഇവയെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൂടുതൽ ഗുളികകൾ കണ്ടെടുത്തു

പിടിയിലായ മൊഹ്ദിനെ വിശദമായി പരിശോധിച്ചപ്പോൾ ഇയാളുടെ പാൻ്റ്സിൻ്റെ കീശയിൽനിന്ന് ഇതേ ലഹരി ഗുളികളുടെ എട്ട് സ്ട്രിപ്പുകൾ കൂടി പോലീസ് കണ്ടെടുത്തു. പരിശോധനാ സംഘത്തിൽ മേൽപ്പറമ്പ് എസ്.ഐക്ക് പുറമെ ജൂനിയർ എസ്.ഐ. ഷൈജു, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ. ഗോവിന്ദൻ, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.

പ്രതി റിമാൻഡിൽ; കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു

ലഹരി ഗുളിക വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും, പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതി മൊഹ്ദ് നസീറിനെതിരെ ജുവൈനൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ആക്ട് (JJ Act) ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *