കാസർകോട്: പരിതാപകരമായ അവസ്ഥയിലുള്ള പൊടിപ്പള്ള-കുമ്പടാജെ-ബെളിഞ്ചം-നാട്ടക്കൽ ജില്ലാ പഞ്ചായത്ത് റോഡിൻ്റെ വികസനത്തിനായി രൂപീകരിച്ച ജനകീയ വികസന സമിതി പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാമിനെ കണ്ട് നിവേദനം സമർപ്പിച്ചു. റോഡിൻ്റെ നിലവിലെ ദുരവസ്ഥയും ജനങ്ങൾ നേരിടുന്ന യാത്രാക്ലേശവും സമിതി പ്രതിനിധികൾ അദ്ദേഹത്തെ ധരിപ്പിച്ചു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, റോഡിൻ്റെ റീടാറിങ് അടക്കമുള്ള പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് ജനകീയ സമിതിക്ക് ഉറപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോടും കരാറുകാരനോടും അദ്ദേഹം ഫോണിൽ സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഭാവിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് (PWD) ഈ റോഡ് ഏറ്റെടുക്കുകയാണെങ്കിൽ, റോഡ് കൈമാറുന്നതിന് ജില്ലാ പഞ്ചായത്ത് പൂർണ്ണമായി സഹകരിക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
ജനകീയ സമിതി അംഗങ്ങളായ അഡ്വ. പ്രസന്നകുമാർ, ഡോ. വേണുഗോപാൽ കെ., ഫാറൂഖ് കുമ്പടാജെ, നാരായണ ഗോസാഡ, അബ്ദുൽ റസാഖ് ടി.എം, ഹരീഷ ഗോസാഡ, ശങ്കര പാട്ടാളി അഗൽപ്പടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ സന്ദർശിച്ചത്.













Leave a Reply