പതിനഞ്ചോളം ആൺകുട്ടികളെ പീഡിപ്പിച്ച കേസ്: മലപ്പുറം സ്വദേശിയെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി

ബേക്കൽ: പതിനഞ്ചോളം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ മലപ്പുറം സ്വദേശിയെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മലപ്പുറം ആദവനാട് സ്വദേശി എം.കെ. മുഹമ്മദിനെയാണ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ (POCSO) കേസുകളിൽ പ്രതിയാണ് മുഹമ്മദ്. ഇതിനു പുറമെ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതിനും ഇയാൾക്കെതിരെ ബേക്കൽ സ്റ്റേഷനിൽ കേ നിലവിലുണ്ട്. കാസർകോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

മുമ്പ് പോക്സോ കേസുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടർന്ന്, ബേക്കൽ സ്റ്റേഷനിലെ കേസുകളിലെ തുടർനടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി പ്രതിയെ ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.

കസ്റ്റഡിയിലുള്ള പ്രതിയെ സംഭവസ്ഥലങ്ങളിലടക്കം വിവിധയിടങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *