കാസർകോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിൽ (എം.ഐ.സി) ‘ഗ്രീൻ എം.ഐ.സി’ കാമ്പയിന് തുടക്കമായി. ദേശീയപാത വികസനത്തിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് കാമ്പസിലെ 30 ഏക്കർ ഭൂമിയിൽ 3000 തേക്കിൻ തൈകൾ നട്ടുപിടിപ്പിക്കാൻ എം.ഐ.സി മാനേജ്‌മെന്റ് തീരുമാനിച്ചത്.
പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിംഗ് കാസർകോട് നിയോജക മണ്ഡലം എം.എൽ.എ കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു. വൃക്ഷത്തൈ നടൽ കർമ്മത്തിന്റെ ഉദ്ഘാടനം ഉദുമ മണ്ഡലം എം.എൽ.എ കെ. നീലകണ്ഠൻ നിർവഹിച്ചു. എം.ഐ.സി ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
വിദ്യാർത്ഥികൾ തന്നെ കാവൽ; ദീർഘകാല സംരക്ഷണ പദ്ധതി
എം.ഐ.സിക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നിലവിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവർ ഓരോരുത്തരും ഓരോ തേക്കിൻ തൈ വീതം നടുകയും അവയ്ക്ക് സ്വന്തം പേര് രേഖപ്പെടുത്തി പരിപാലന ചുമതല ഏറ്റെടുക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, എം.ഐ.സി ഭാരവാഹികൾ, സഹകാരികൾ എന്നിവരും ഈ ഹരിത ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. ഇതൊരു ദീർഘകാല സംരക്ഷണ പദ്ധതിയാണെന്ന് സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് വ്യക്തമാക്കി.
തുടർ പരിപാടികൾ:
- ജੂൺ 8: ചട്ടഞ്ചാൽ മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കാമ്പയിന്റെ ഭാഗമാകും.
- ജൂൺ 9: വ്യാപാരികൾ തേക്കിൻ തൈ നടൽ പദ്ധതിയിൽ പങ്കാളികളാകും.
സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി എം.ഐ.സി
മർഹൂം ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെയും മർഹൂം ശൈഖുനാ അബ്ദുറഹ്മാൻ മൗലവിയുടെയും നേതൃത്വത്തിൽ 1993-ൽ സ്ഥാപിതമായ മലബാർ ഇസ്ലാമിക് കോംപ്ലക്സ്, ഇന്ന് കാസർകോട് ജില്ലയിലെ പ്രമുഖ മതഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമാണ്. അനാഥ-അഗതി മന്ദിരം മുതൽ കെ.ജി മുതൽ പി.ജി വരെയുള്ള ഭൗതിക പഠന സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ ചെമ്മാട് ദാറുൽ ഹുദയ്ക്ക് കീഴിലുള്ള ഹുദവി കോഴ്‌സും, സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിലിന് കീഴിലെ സനാഈ കോഴ്‌സും വഴി പുതിയ തലമുറയ്ക്ക് വിദ്യ പകരുന്നതിൽ ഈ സ്ഥാപനം വലിയ മുന്നേറ്റമാണ് നടത്തുന്നത്. കോവിഡ് കാലത്ത് ആരോഗ്യരംഗം പ്രതിസന്ധിയിലായപ്പോൾ ടാറ്റാ കോവിഡ് ആശുപത്രിക്ക് സ്ഥലം അനുവദിച്ച് നൽകിയും എം.ഐ.സി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിരുന്നു.
പ്രമുഖരുടെ സാന്നിധ്യം: ചടങ്ങിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, മുൻ പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി, കൃഷി ഓഫീസർമാരായ വേണുഗോപാൽ, പ്രജീഷ് കുമാർ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ അബ്ബാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുകുമാരി ശ്രീധരൻ, ജസ്ന മനാഫ് എടനീർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അൻവർ കോളിയടുക്കം, പഞ്ചായത്ത് അംഗം ഷംസുദ്ദീൻ തെക്കിൽ എന്നിവർ സംബന്ധിച്ചു.
എം.ഐ.സി വൈസ് പ്രസിഡന്റുമാരായ ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, നെക്കര അബൂബക്കർ ഹാജി, മല്ലം സുലൈമാൻ ഹാജി, പാദൂർ ഷെരീഫ് ഹാജി, ജോയിന്റ് സെക്രട്ടറിമാരായ അബൂബക്കർ ഹാജി, ജലീൽ കടവത്ത്, ടി.ഡി കബീർ, സമസ്ത ജില്ലാ സെക്രട്ടറി സിദ്ദീഖ് നദ്‌വി ചേരൂർ, ദുബായ് ചാപ്റ്റർ സെക്രട്ടറി റഷീദ് കല്ലിങ്കാൽ, അബുദാബി ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മൗവ്വൽ, സൗദി കോഡിനേറ്റർ മൻസൂർ ഹുദവി സന്തോഷ് നഗർ, അൽ ഖോബർ ചാപ്റ്റർ ട്രഷറർ കാസി മുഹമ്മദ് ഹാജി, ചട്ടഞ്ചാൽ മേഖല സെക്രട്ടറി റിയാസ് എയ്യള, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, കാഞ്ഞങ്ങാട് മേഖല സാരഥി സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, കാസർകോട് മേഖല ഭാരവാഹികളായ സിദ്ദീഖ് ചക്കര, സലിം വെൽവിഷർ, ചെർക്കള മേഖല സെക്രട്ടറി മൊയ്തു മൗലവി, എം.ഐ.സി ആർട്സ് കോളേജ് പ്രിൻസിപ്പൽ ദീപ, സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ് അശ്ഹരി, ദാറുൽ ഇർഷാദ് പ്രിൻസിപ്പൽ ഇർഷാദ് നടുവിൽ, ദഅ്‌വ കോളേജ് പ്രിൻസിപ്പൽ അലി ദാരിമി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.













Leave a Reply