പയ്യന്നൂർ: മലബാറിലെ മയക്കുമരുന്ന് ശൃംഖലകൾക്കെതിരെയുള്ള അന്വേഷണം ശക്തമാക്കി പഴയങ്ങാടി പോലീസ്. കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെത്തുടർന്ന്, ലഹരി വിതരണ റാക്കറ്റിലെ പ്രധാനികളായ രണ്ട് പ്രമുഖ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘ബോസ്’ റെഡിമെയ്ഡ് വസ്ത്രസ്ഥാപനത്തിന്റെ ഉടമ പുളിയൂൽ പുത്തിക്കൽ ഹൗസിൽ പി. സുനീഷ് (29), മാട്ടൂർ കക്കാടൻചാൽ നരിയൻമാടത്ത് ഹൗസിൽ എൻ. നിസാർ (40) എന്നിവരെയാണ് പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറും സംഘവും ചേർന്ന് വലയിലാക്കിയത്. ഇതിൽ അറസ്റ്റിലായ നിസാർ പുതിയങ്ങാടി ബീച്ച് റോഡിൽ അനാദിക്കട നടത്തുന്നയാളാണ്.
അന്വേഷണം വ്യാപാരികളിലേക്ക് എത്തിയത് ഇങ്ങനെ: കഴിഞ്ഞ ജൂലൈ 4-നാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഏഴോം ജമീല മൻസിലിലെ സി.ടി. നൗഫൽ (47), ഏഴോം മൂലയിലെ എ. സഹദ് മുഹമ്മദ് (28) എന്നിവരെ പഴയങ്ങാടി പോലീസ് പിടികൂടുന്നത്. ഈ കേസിൽ റിമാൻഡിലായ ഇരു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിമരുന്ന് ശൃംഖലയുടെ പിന്നിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. തങ്ങൾക്ക് വിൽപനയ്ക്കായി മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് വ്യാപാരികളായ സുനീഷും നിസാറുമാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പോലീസ് സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ എൻ. നിസാർ മുൻപും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി. 2021-ൽ മാട്ടൂലിൽ വെച്ച് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൂടിയാണ് നിസാർ. പ്രദേശത്തെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളുടെ മറവിൽ വൻതോതിൽ ലഹരിമരുന്ന് വിപണനം നടത്തുന്ന റാക്കറ്റുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മേഖലയിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള വിപുലമായ അന്വേഷണത്തിലാണ് പോലീസ്.















Leave a Reply