മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ നവീകരണത്തിന് 57.84 കോടി രൂപ; 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നബാർഡ് ഫണ്ട്

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലയുടെ ദീർഘകാല ആവശ്യമായ മഞ്ചേശ്വരം ഫിഷിംഗ് ഹാർബറിന്റെ സമഗ്ര നവീകരണത്തിന് സർക്കാർ അംഗീകാരം. നബാർഡ് (NABARD) പദ്ധതിയിലുൾപ്പെടുത്തി 57.84 കോടി രൂപ അനുവദിച്ചതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു. നീണ്ട പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹാർബറിൻ്റെ സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി ഇത്രയും വലിയ തുക അനുവദിക്കുന്നത്.

പത്ത് വർഷത്തെ പ്രതിസന്ധിക്ക് പരിഹാരം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്താണ് മഞ്ചേശ്വരം ഫിഷിംഗ് ഹാർബർ അനുവദിച്ചതും ആവശ്യമായ ഫണ്ട് വകയിരുത്തി നിർമ്മാണം ആരംഭിച്ചതും. എന്നാൽ തുടർന്നു വന്ന പത്ത് വർഷക്കാലം ഹാർബറിൻ്റെ അറ്റകുറ്റപ്പണികൾക്കോ വികസനത്തിനോ ആവശ്യമായ ഫണ്ട് ലഭിച്ചിരുന്നില്ല. വർഷങ്ങളായി ഡ്രഡ്ജിംഗ് നടക്കാത്തതിനെ തുടർന്ന് ഹാർബറിൽ കടുത്ത മണലടിയൽ രൂപപ്പെടുകയും, ഇത് മത്സ്യബന്ധന ബോട്ടുകൾ മറിയുന്നതിനും അപകടങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു. കൃത്യമായി കരക്കടുപ്പിക്കാൻ കഴിയാത്തത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

പ്രധാന വികസന പ്രവർത്തനങ്ങൾ

  • ഡ്രഡ്ജിംഗ്: ഹാർബറിലെ മണലടിയൽ നീക്കി ബോട്ടുകൾ സുഗമമായി അടുപ്പിക്കാനുള്ള സൗകര്യം.
  • ടെട്രാപോഡ് സംവിധാനം: കടലാക്രമണം തടയുന്നതിനും പുലിമുട്ടുകളുടെ സംരക്ഷണത്തിനുമായി ആധുനിക ടെട്രാപോഡ് ഭിത്തികൾ.
  • റോഡ് നവീകരണം: ഹാർബറിലേക്ക് എത്തുന്ന പ്രധാന അപ്രോച്ച് റോഡിൻ്റെ സമഗ്ര പുനരുദ്ധാരണം.

നിരന്തര ഇടപെടലുകൾ ഫലം കണ്ടു ഹാർബറിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിയമസഭയിലും വകുപ്പ് മന്ത്രിമാർക്ക് മുന്നിലും പലതവണ നേരിട്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നുവെന്ന് എം.എൽ.എ വ്യക്തമാക്കി. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ നേരിട്ട് വിഷയം എത്തിക്കുകയും പ്രത്യേക പരിഗണന ലഭ്യമാക്കുകയുമായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കിയാണ് നബാർഡ് ഫണ്ട് ലഭ്യമാക്കാൻ സാധിച്ചതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *