കാസർകോട്: രാജ്യത്തെ ഒട്ടാകെ നടുക്കുകയും പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തുകയും ചെയ്ത മംഗളൂരു വിമാന ദുരന്തം നടന്നിട്ട് ഇന്ന് (മെയ് 22) 16 വർഷം തികയുന്നു. 2010 മെയ് 22-ന് പുലർച്ചെ 6.30-നായിരുന്നു നാടിനെ ഉലച്ച ആ ദാരുണ സംഭവം അരങ്ങേറിയത്. പ്രവാസസ്വപ്നങ്ങളുമായി ജന്മനാട്ടിലേക്ക് പറന്നിറങ്ങിയ 158 ജീവനുകളാണ് അന്ന് മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേയിൽ കരിഞ്ഞുപോയത്.
ആറു ജീവനക്കാർ ഉൾപ്പെടെ 158 പേരാണ് അന്ന് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരിൽ 52 പേർ മലയാളികളായിരുന്നു. മരണപ്പെട്ട മലയാളികളിൽ ഭൂരിഭാഗം പേരും കാസർകോട് ജില്ലക്കാരായിരുന്നു എന്നത് ഈ ദുരന്തത്തെ ജില്ലയുടെ ഒടുങ്ങാത്ത നോവാക്കി മാറ്റുന്നു.
മിനിറ്റുകൾക്കുള്ളിൽ കരിഞ്ഞുതീർന്ന പ്രവാസസ്വപ്നങ്ങൾ
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു 152 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവെയിലെ യഥാർത്ഥ സ്ഥലത്ത് നിന്നു 600 മീറ്റർ മുന്നോട്ട് മാറിയാണ് വിമാനം ലാൻഡ് ചെയ്തത്.
വേഗത നിയന്ത്രിക്കാനാകാതെ മുന്നോട്ട് നീങ്ങിയ വിമാനം റൺവേയും കടന്ന് മണൽ കൊണ്ടുണ്ടാക്കിയ മണൽത്തിട്ടയിൽ ഇടിക്കുകയായിരുന്നു. എന്നിട്ടും നിൽക്കാതെ മുന്നോട്ടു നീങ്ങിയ വിമാനത്തിന്റെ ചിറക് കോൺക്രീറ്റ് ടവറിൽ ഇടിച്ചു തകർന്നു. ഇതോടെ തീപിടിച്ച വിമാനം വൻ ശബ്ദത്തോടെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എട്ട് പേർ മാത്രമാണ് അന്ന് ഈ മഹാദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
നീതി അകലെ; നഷ്ടപരിഹാരക്കേസ് ഇന്നും സുപ്രീം കോടതിയിൽ
ദുരന്തം നടന്ന് 16 വർഷം പിന്നിട്ടിട്ടും ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നീതി ഇനിയും പൂർണ്ണമായി ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര കരാർ പ്രകാരമുള്ള നഷ്ടപരിഹാരം പലർക്കും ഇനിയും ലഭ്യമായിട്ടില്ല എന്നതാണ് ഈ ഓർമ്മദിനത്തിലെയും കയ്പേറിയ യാഥാർത്ഥ്യം. നഷ്ടപരിഹാരം സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തുടരുമ്പോഴാണ് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ മഹാ ദുരന്തത്തിന്റെ മറ്റൊരു വാർഷിക ദിനം കൂടി കടന്നുപോകുന്നത്.
കാസർകോടിനെ കണ്ണീരിലാഴ്ത്തിയ മംഗളൂരു വിമാന ദുരന്തത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
മംഗളൂരു വിമാന ദുരന്തത്തിന് ഇന്ന് 16 വർഷം; പ്രവാസലോകത്തിന്റെ കനലായി കാസർകോടൻ ഓർമ്മകൾ













Leave a Reply