മഞ്ചേശ്വരം: തുളു, ഉർദു, യക്ഷാഗാന, കബഡി അക്കാദമികളുടെ കേന്ദ്രമായ മഞ്ചേശ്വരത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്ന് കാസർഗോഡ് ജില്ലാ ഭരണഭാഷാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. മംഗൽപാടി ജി.ബി.എൽ.പി സ്കൂൾ വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒൻപത് കെട്ടിടങ്ങളിൽ ഒരെണ്ണം അക്കാദമിക്കായി അനുവദിക്കണമെന്നും സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.
കേരളം രൂപീകൃതമായി 70 വർഷത്തോടടുക്കുമ്പോഴും മഞ്ചേശ്വരത്ത് മലയാള ഭാഷയ്ക്ക് വേണ്ടത്ര വേരോട്ടം ലഭിച്ചിട്ടില്ലെന്ന് ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്ന യോഗം വിലയിരുത്തി. അതിർത്തി മേഖലയിൽ മലയാള ഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി സർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ അത്യാവശ്യമാണ്. നിലവിൽ കന്നഡ മീഡിയം വിദ്യാലയങ്ങളിൽ ആരംഭിച്ച മലയാളം പഠന സംവിധാനം ഭാഷാന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. ഈ മാറ്റം സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. അതിനാൽ ഈ പഠന സംവിധാനം മിശ്ര വിദ്യാലയങ്ങളിലേക്കും കൂടി വ്യാപിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രമുഖ എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ അലി മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എ നജീബ്, അബ്ബാസ് ഓണന്ത, മാധവ ബല്യായ, ചന്ദ്രശേഖര വൈദ്യർ, മഹമൂദ് കൈകമ്പ, കെ.എം ഇർഷാദ്, യഹ്‌യ മാഷ്, റഫീക്ക് മാഷ് പൈവളികെ, ഇബ്രാഹിം പെരിങ്കടി, ഡി.കെ മൂസ, ഹമീദ് കാണിയൂർ, ഡി. രാജു മാഷ്, അലി പാത്തൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം; ജില്ലാ ഭരണഭാഷാ സമിതി













Leave a Reply