കുമ്പള: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിൻ്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കണമെന്ന തീരുമാനം വീണ്ടും അട്ടിമറിക്കപ്പെട്ടു. നിർദേശമുണ്ടായിട്ടും സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനെ തുടർന്ന്, ഇവിടം വീണ്ടും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ തുടങ്ങി.
പാർക്കിംഗ് അരുതെന്ന് കാണിച്ച് പഞ്ചായത്തിൻ്റെ നിർദേശപ്രകാരം പോലീസും ആർ.ടി.ഒ.യും ഇവിടെ കർശന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡിന് തൊട്ടടുത്താണ് യാതൊരു ഭയവുമില്ലാതെ വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കാൻ അധികൃതർക്ക് കഴിയാത്തതുകൊണ്ടാണ് പഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പുകൾക്ക് ആരും വിലകൽപ്പിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചർച്ചകൾ നടന്നു, പക്ഷെ തീരുമാനങ്ങൾ ജലരേഖയായി
സീതാംഗോളി, ബദിയടുക്ക, പെർമുദേ, മുള്ളേരിയ, പെർള എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിനകത്ത് കയറി മാത്രമേ യാത്രക്കാരെ ഇറക്കാനും കയറ്റാനും പാടുള്ളൂ എന്ന് പഞ്ചായത്ത് കർശന നോട്ടീസ് നൽകിയിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വ്യാപാരി യൂത്ത് വിങ് വിഭാഗവും തമ്മിൽ നഗരത്തിൽ നേരത്തേ വലിയ രീതിയിൽ കൊമ്പ് കോർക്കുകയുണ്ടായി. തുടർന്ന് ഇരുവിഭാഗവും ചേർന്ന് ചർച്ച നടത്തി കൃത്യമായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ല. പഞ്ചായത്ത് അധികൃതരും പോലീസും നിലവിൽ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പ്രധാന ആക്ഷേപം.
കെഎസ്ആർടിസി സർവീസുകൾക്കായി നിവേദനം നൽകും
സ്വകാര്യ ബസ് ജീവനക്കാരുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമ്മർദ്ദ തന്ത്രത്തിനൊരുങ്ങുകയാണ് വ്യാപാരി യൂത്ത് വിങ് ഭാരവാഹികൾ. സ്വകാര്യ ബസുകളുടെ ഈ നിസ്സഹകരണത്തിന് ബദലായി ബദിയടുക്ക, പെർള, മുള്ളേരിയ, പെർമുദേ ഭാഗങ്ങളിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ വ്യാപാരി ഭാരവാഹികൾ ഒരുങ്ങുകയാണ്.
കുമ്പള നഗരത്തിലെ ഈ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.













Leave a Reply