മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരണവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. ഒരു അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും കെ.ടി ജലീൽ പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ താൻ കാരണം അപമാനം തോന്നിയെന്ന് പറഞ്ഞാൽ നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
തനിക്ക് അപമാനിച്ചതായി തോന്നിയിട്ടില്ലെന്നാണ് വിദ്യാർത്ഥിയും പറഞ്ഞതെന്ന് കെ.ടി ജലീൽ ചൂണ്ടിക്കാട്ടി. “കുട്ടികൾക്ക് പൊതുവായന കുറവാണ്. അതൊരു വലിയ പ്രശ്നമാണ്. മലയാളത്തിലെ ഒരു ചെറുകഥ പോലും വിദ്യാർത്ഥികൾ വായിച്ചിട്ടില്ലെന്നാണ് സംസാരിച്ചപ്പോൾ മനസ്സിലായത്. പാഠപുസ്തകം മാത്രമാണ് അവർ വായിക്കുന്നത്. ആ നിലയ്ക്കാണ് വിദ്യാർത്ഥികളുമായി സംസാരിച്ചത്. വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരിപാടിയിൽ സദസ്സിനെക്കൂടി അതിന്റെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്. ഒരു അധ്യാപകൻ എങ്ങനെയാണോ കുട്ടികളോട് കാര്യങ്ങൾ പറയുന്നത്, അങ്ങനെ മാത്രമാണ് താനും സംസാരിച്ചത്,” ജലീൽ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയെ പിന്തുണച്ച ജലീൽ, മക്കളെ പൊതുവിദ്യാലയങ്ങളിലേക്ക് മാത്രമേ പറഞ്ഞയക്കാവൂ എന്നും അവിടെ നിന്നാണ് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ഇതേസമയം പ്രതിപക്ഷത്തിനെതിരെ കടുത്ത പരിഹാസവും അദ്ദേഹം ഉയർത്തി.
“കേരളം എന്നത് ‘കാരളം’ എന്ന് എഴുതിയത് പിണറായി സർക്കാർ വന്ന ശേഷം സ്കൂളിൽ പഠിച്ച വ്യക്തിയാണോ? ഒൻപതിനായിരത്തി മുന്നൂറ്റിമുപ്പത്തി രണ്ട് എന്നതിന് പകരം ‘തൊള്ളായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട്’ എന്ന് പറഞ്ഞയാൾ നമ്മുടെ ഏതെങ്കിലും സ്കൂളിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പഠിച്ച കുട്ടിയാണോ? തൊള്ളായിരത്തിപത്ത് എന്നതിന് പകരം ‘തൊണ്ണൂറ്റിപത്ത്’ എന്ന് നിയമസഭയിൽ പറഞ്ഞ വ്യക്തി കഴിഞ്ഞ പത്തുകൊല്ലം പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും പഠിച്ചുവന്ന വ്യക്തിയാണോ?” കെ.ടി ജലീൽ ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ കേസ് എടുത്ത് തന്നെ ജയിലിൽ അടയ്ക്കട്ടെയെന്നും ഈ വിഷയത്തിൽ മുൻകൂർ ജാമ്യത്തിന് പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കെ.ടി ജലീൽ വ്യക്തമാക്കി.















Leave a Reply