കോഴിക്കോട്: യുവതിയോട് നിരന്തരം ലൈംഗികാതിക്രമ ശ്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാറാട് നീര്മൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടില് അലി അക്ബറി(50)നെയാണ് പൊലീസ് പിടികൂടിയത്.
2021 മുതൽ ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാറാട് സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ലൈംഗിക ഉദ്ദേശത്തോടു കൂടി ഫോണിലൂടെയും അല്ലാതെയും പിന്തുടർന്ന് ശല്യം ചെയ്തത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിക്ക് പിന്നാലെ കൂടുകയായിരുന്നു.
ഇയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ വിവാഹം മുടക്കുമെന്നും അലി അക്ബർ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരാതി ലഭിച്ചയുടൻ തന്നെ മാറാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പ്രതിയായ അലി അക്ബറിനെതിരെ ഇതേ സ്റ്റേഷനിൽ തന്നെ മുൻപും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















Leave a Reply