ഉദുമ: കരിങ്കല്ലിൽ തീർത്ത കടൽഭിത്തി പോലും തകർത്തെറിയുന്ന കൂറ്റൻ തിരമാലകൾക്ക് മുന്നിൽ, മണൽനിറച്ച ചാക്കുകൾ കൊണ്ടുള്ള പ്രതിരോധം ഒന്നുമാകില്ലെന്ന് ഇവിടുത്തെ നാട്ടുകാർക്ക് നന്നായറിയാം… എങ്കിലും വരാനിരിക്കുന്ന കറുത്ത മഴക്കാലത്തെ ഭയന്ന്, ഒരു ജനത തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാൻ മണൽച്ചാക്കുകളുമായി തീരത്തിറങ്ങിയിരിക്കുകയാണ്. വർഷങ്ങളായി കടലേറ്റ ദുരിതം അനുഭവിക്കുന്ന ഉദുമ പഞ്ചായത്തിലെ ജന്മ ബീച്ച് റോഡും പരിസരത്തെ വീടുകളും സംരക്ഷിക്കാനായി നാട്ടുകാർ ചേർന്നൊരുക്കിയത് 200 മീറ്ററോളം വരുന്ന താത്കാലിക കടൽഭിത്തിയാണ്.
മഴക്കാലമായാൽ കിടപ്പാടവും കൃഷിയിടവും റോഡുമെല്ലാം കടലെടുക്കുന്ന പ്രദേശമാണ് ജന്മ ബീച്ച്. വരാനിരിക്കുന്ന കാലവർഷത്തിൽ കടൽ കൂടുതൽ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള ഭാഗങ്ങളിലാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള തീരദേശവാസികൾ ഒത്തുചേർന്ന് മണൽച്ചാക്കുകൾ അടുക്കി താത്കാലിക പ്രതിരോധം തീർത്തത്.
ഒരു നാട് മുഴുവൻ കടൽത്തിരയിൽ അലിഞ്ഞുതീരാതിരിക്കാൻ ‘ചെല്ലാനം മോഡൽ ടെട്രാപോഡ് കടൽഭിത്തി’ നിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം അധികാരികൾ പാടെ അവഗണിക്കുകയാണെന്നാണ് ഉയരുന്ന പ്രധാന പരാതി.
- ഫയലിലുറങ്ങുന്ന പദ്ധതികൾ: രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമിക്കാനുള്ള പദ്ധതി വർഷങ്ങളായി ഫയലുകളിൽ ഒതുങ്ങിക്കിടക്കുകയാണ്.
- പരാജയപ്പെട്ട ജിയോബാഗ് പരീക്ഷണം: ആറുവർഷം തീരം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മുൻപ് കോടികൾ ചിലവഴിച്ച് നിർമിച്ച ജിയോബാഗ് കടൽഭിത്തി തൊട്ടടുത്ത മഴക്കാലത്തുതന്നെ കടലെടുത്തുപോയ കയ്പേറിയ അനുഭവവും ഇവിടുത്തെ ജനങ്ങൾക്കുണ്ട്.
എല്ലാ വർഷവും കാലവർഷമെത്തുമ്പോൾ ഇവിടെ കടലേറ്റം രൂക്ഷമാകാറുണ്ട്. നൂറുകണക്കിന് തെങ്ങുകളാണ് ഇതിനകം കടപുഴകി വീണത്. തിരമാലകൾ വീടുകളുടെ മുറ്റം വരെ എത്തുമ്പോൾ, കുഞ്ഞുങ്ങളെയും നെഞ്ചോടടക്കി അമ്മമാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്നു.
ദുരന്ത വാർത്തയറിഞ്ഞ് അധികാരികളും ജനപ്രതിനിധികളും ഓടിയെത്തി വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യാറുണ്ടെങ്കിലും, മഴ തോരുന്നതോടെ ഈ വാഗ്ദാനങ്ങളും വെള്ളത്തിൽ വരച്ച വരപോലെയാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. താൽക്കാലിക പ്രതിരോധങ്ങൾക്കപ്പുറം, തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ശാശ്വതമായ ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണ് ഉദുമ ജന്മ ബീച്ചിലെ ഈ സാധാരണ ജനങ്ങൾ.













Leave a Reply