ശക്തമായ മഴ: പള്ളത്തടുക്കയിൽ വീട് നിലംപൊത്തി; ഓട്ടോ ഡ്രൈവറും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയിൽ ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിൽ വീട് തകർന്നു വീണു. പള്ളത്തടുക്കയിലെ ഓട്ടോ ഡ്രൈവർ ഐത്തപ്പ നായികിൻ്റെ വീടാണ് ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ പൂർണ്ണമായും നിലംപൊത്തിയത്. അപകടസമയത്ത് ഐത്തപ്പയും ഭാര്യയും വീട്ടിനകത്ത് ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

രാത്രി എട്ട് മണിയോടെ മേൽക്കൂര തകരുന്ന വലിയ ശബ്ദം കേട്ട ഉടൻ തന്നെ ഇരുവരും വീടിന് പുറത്തേയ്ക്ക് ഓടിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾക്കകം വീട് പൂർണ്ണമായി തകരുകയായിരുന്നു.

ലൈഫ് പദ്ധതി പ്രകാരം ഐത്തപ്പയ്ക്ക് പഞ്ചായത്ത് നേരത്തെ വീട് അനുവദിച്ചിരുന്നുവെങ്കിലും, ഫണ്ടിൻ്റെ മുഴുവൻ തുകയും യഥാസമയം ലഭിക്കാത്തതിനാൽ പുതിയ വീടിൻ്റെ നിർമ്മാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. തങ്ങൾ താമസിച്ചിരുന്ന ഏക ആശ്രയമായ പഴയ വീടും തകർന്നതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. നിലവിൽ ബന്ധുവീട്ടിലേക്ക് മാറിയ ഇവർക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *