കാസർകോട് അമീബിക് മസ്‌തിഷ്‌ക ജ്വരം: വെന്റിലേറ്ററിൽ കഴിയുന്ന 18 കാരന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കാസർകോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്പലത്തറ സ്വദേശിയായ 18 വയസ്സുകാരന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രോഗബാധയെ തുടർന്ന് മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.

യുവാവിന് ചൊവ്വാഴ്ച ഒരു നിർണായക ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ ചികിത്സാച്ചെലവുകൾക്കായി സ്വന്തം നിലയിലുള്ള കണ്ടെത്തലുകൾക്ക് പുറമെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ സഹായ സമിതി രൂപീകരിച്ചാണ് തുക കണ്ടെത്തുന്നത്.

രോഗബാധ കുളത്തിൽ കുളിച്ചതിന് പിന്നാലെ

ജൂലൈ 27 തിങ്കളാഴ്ച നടത്തിയ ലബോറട്ടറി പരിശോധനയിലാണ് യുവാവിന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് ഒരാഴ്ച മുമ്പ് യുവാവ് സുഹൃത്തുക്കളോടൊപ്പം കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്തെ ഒരു കുളത്തിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇതിന് ശേഷമാണ് യുവാവിന് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്.

പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശം

രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുളത്തിലും പരിസരപ്രദേശങ്ങളിലും പൊതുജനങ്ങൾ ഇറങ്ങരുതെന്നും നിർദേശമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *