സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഇന്ന് വരെയുള്ള സർവീസ് വോട്ടുകൾ

പരി​ഗണിക്കുമെന്നും ആകെ 54,984 സ‍ർവീസ് വോട്ടുകളാണുള്ളതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിൻ്റെ കണക്ക് വോട്ടെണ്ണലിൻ്റെ തലേദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.

തിങ്കളാഴ്ച‌ രാവിലെ എട്ടിന് പോസ്‌റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിർദേശം നൽകിയിട്ടുണ്ട്. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്‌മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥ‌രാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്‌ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യൂആർ കോഡുള്ള ഐഡി നിർബന്ധമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ ബാധകമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *