കാസർകോട് മദ്യലഹരിയിൽ അപകടകരമായി ഥാർ ഓടിച്ചു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ

കാസർകോട്: മദ്യലഹരിയിൽ അമിതവേഗതയിലും അപകടകരമായ രീതിയിലും ഥാർ കാർ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. തമിഴ്‌നാട് ധർമ്മപുരി സ്വദേശിയായ ഡി. ശ്യാം രാജിനെയാണ് (55) വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഒരു ടയർ പൂർണ്ണമായി പൊട്ടിയ നിലയിലായിരുന്ന ഥാർ കാർ കടുത്ത അമിത വേഗതയിലാണ് റോഡിലൂടെ പാഞ്ഞുവന്നത്. ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള ഈ യാത്ര ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പരപ്പ സ്കൂളിന് സമീപത്തുവെച്ച് വാഹനം തടയുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത വിധം കടുത്ത മദ്യലഹരിയിലായിരുന്ന ഡ്രൈവറെ കാറിൽ നിന്ന് പുറത്തിറക്കിയ ഉടൻ റോഡിൽ കുഴഞ്ഞുവീണു. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഓടിച്ച ഥാർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *