ബദിയടുക്ക കന്യപ്പാടിയിലെ പശുമോഷണം: രണ്ട് പ്രതികൾ മംഗളൂരുവിൽ അറസ്റ്റിൽ; കാറും കസ്റ്റഡിയിൽ

ബദിയടുക്ക: കന്യപ്പാടിയിലെ പശുമോഷണക്കേസിലെ രണ്ട് പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ജൊക്കട്ട സ്വദേശി റാസിഖ് (21), അളിക്ക കുള ഉള്ളാൾ സ്വദേശി മുഹമ്മദ് ഇർബാസ് (26) എന്നിവരെയാണ് ബദിയടുക്ക ഇൻസ്പെക്ടർ കെ.ആർ. അനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ. ടി. രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മംഗളൂരു ടൗണിലെ പളനീറിൽ വെച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.

കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതികൾ പശുക്കളെ കടത്താൻ ഉപയോഗിച്ച സൈലോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളും കാർ നമ്പറും വഴിത്തിരിവായി

കഴിഞ്ഞ ജൂൺ 16-ന് പുലർച്ചെ 1:30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കന്യപ്പാടി റഹ്മത്ത് മൻസിലിലെ കെ.എം. മുഹമ്മദിന്റെ വീടിന് മുൻവശത്തെ കടവരാന്തയിൽ കെട്ടിയിരുന്ന 30,000 രൂപ വിലവരുന്ന രണ്ട് പശുക്കളെയാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്.

രാവിലെ പശുക്കളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പശുക്കളെ കാറിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യം കണ്ടത്. തുടർന്ന് ബദിയടുക്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

അറവുശാലയിൽ വിറ്റതായി മൊഴി; പ്രതികൾ റിമാൻഡിൽ

പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, മോഷ്ടിച്ച പശുക്കളെ ഉള്ളാളിലെ ഒരു അറവുശാലയിൽ വിൽപ്പന നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ പ്രതികളെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ എ.എസ്.ഐ. പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ, സി.പി.ഒ മാരായ ശ്രീനേഷ്, ഹരിപ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *