കാസർകോട്: ജില്ലയിൽ പട്ടാപ്പകൽ യുവതിയെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം റോഡിൽ തള്ളിയിട്ട് മൂന്ന് പവന്റെ താലിമാല കവർന്നു. വ്യാഴാഴ്‌ച വൈകിട്ട് അഞ്ചരയോടെ മാവുങ്കാൽ നെല്ലിത്തറ കാംകോയ്ക്ക് സമീപമാണ് സംഭവം. നെല്ലിത്തറയിലെ ഫുഡ് പ്രോഡക്ട്‌സ് സ്ഥാപനത്തിലെ ജീവനക്കാരിയും പുലയനടുക്കത്തെ രവിയുടെ ഭാര്യയുമായ കെ.സിന്ധുവിൻ്റെ (42) മാലയാണ് കവർച്ചാ സംഘം തട്ടിയെടുത്തത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. തിരിച്ച് മടങ്ങുന്നതിനിടെ വെള്ള നിറത്തിലുള്ള പഴയ മോഡൽ സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഹെൽമറ്റ് ധരിച്ചായിരുന്നു പ്രതികൾ എത്തിയത്.
വീടിന് സമീപത്തെത്തിയപ്പോൾ സംഘം സിന്ധുവിൻ്റെ വാഹനം തടഞ്ഞുനിർത്തുകയും, സ്‌കൂട്ടറിൻ്റെ പുറകിലിരുന്നയാൾ ഇറങ്ങിവന്ന് സിന്ധുവിനെ തള്ളിയിടുകയുമായിരുന്നു. തുടർന്ന് നിലത്തുവീണ സിന്ധുവിൻ്റെ കഴുത്തിൽ കിടന്ന മൂന്ന് പവൻ്റെ താലിമാല പൊട്ടിച്ച് സംഘം രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് സിഐ കെ.ദിനേശൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെയും സമീപത്തെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഉപ്പളയിലും പയ്യന്നൂരിലും സ്‌കൂട്ടറിലെത്തിയ സംഘം സ്വർണ്ണം കവർന്ന സംഭവങ്ങൾ നടന്നിരുന്നു. ഇതിന് പിന്നിലും സമാന സംഘമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.














Leave a Reply