ബോവിക്കാനത്ത് കൂറ്റൻ അക്കേഷ്യമരം കടപുഴകി വീണു; അന്തർസംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ബോവിക്കാനം: കനത്ത കാറ്റിലും മഴയിലും ബോവിക്കാനം ടൗണിൽ കൂറ്റൻ അക്കേഷ്യമരം അന്തർസംസ്ഥാന പാതയിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് നിറയെ യാത്രക്കാരുമായി മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് റേഷൻ കടയ്ക്ക് സമീപമുണ്ടായിരുന്ന കൂറ്റൻ മരം റോഡിലേക്ക് വീണത്. വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

മരം വീണതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം പാതയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. തുടർന്ന് മുള്ളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏകദേശം 45 മിനിറ്റോളം പാതയിൽ ഗതാഗതം നിലച്ചു. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വൈറ്റ് ഗാർഡ് പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് മരം പൂർണ്ണമായും മുറിച്ചുനീക്കിയിരുന്നു.

മുള്ളിയാർ ഗ്രാമപഞ്ചായത്ത് അംഗവും വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റനുമായ നസീർ മൂലടുക്കം, ഭാരവാഹികളായ റിഷാദ് പൊവ്വൽ, അഷറഫ് ബാവിക്കര, കബീർ മുസ്‌ലിയാർ നഗർ, ഖാദർ പുത്തൂർ, റഷീദ് ബോവിക്കാനം എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്. മുള്ളിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജയകൃഷ്ണൻ, എ. അനന്യ തുടങ്ങിയവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

പാതയോരത്ത് അപകടഭീഷണി ഉയർത്തുന്ന അക്കേഷ്യമരങ്ങൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട റോഡ് വിഭാഗത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് അവഗണിക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളിയാർ യൂണിറ്റ് സെക്രട്ടറി മുസ്തഫ ബിസ്മില്ല പറഞ്ഞു. ബോവിക്കാനം ടൗണിലും പരിസരങ്ങളിലും റോഡിനോട് ചേർന്ന് നിൽക്കുന്ന അപകടഭീഷണിയുള്ള അക്കേഷ്യമരങ്ങൾ മുറിച്ചുമാറ്റുന്നതിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് മുള്ളിയാർ ഗ്രാമപഞ്ചായത്ത് അംഗം പി. ജയകൃഷ്ണൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *