ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കെ മരണത്തിന് കീഴടങ്ങിയത്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ (BMH) ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ഉണ്ടായ ഏക മകനാണ് ദേവാൻഷ്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത്:

കഴിഞ്ഞ ഞായറാഴ്ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ചുണ്ടിലെയും മുഖത്തെയും മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി ഡോക്ടർമാർ അനസ്തേഷ്യ നൽകുകയായിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയും ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടാവുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് നില വഷളായതിനെത്തുടർന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

“കുട്ടി മാസം തികയുന്നതിന് മുന്നേ ജനിച്ചതാണെന്ന വിവരമടക്കം ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു. ചുണ്ടിലെ മുറിവിന് ഒരു ബാൻഡേജ് ഒട്ടിച്ചാൽ പോലും മതിയാകുമായിരുന്നു. ഇന്ന് നോക്കുമ്പോൾ സ്റ്റിച്ച് ഇടാതെ തന്നെ കുഞ്ഞിന്റെ മുറിവ് ഉണങ്ങിയിരുന്നു. അനസ്തേഷ്യ നൽകേണ്ട യാതൊരു ആവശ്യവും അവിടെയുണ്ടായിരുന്നില്ല. മാത്രമല്ല, ജനറൽ അനസ്തേഷ്യ നൽകുന്നതിന് മുൻപ് രക്ഷിതാക്കൾക്ക് നൽകേണ്ട യാതൊരുവിധ മുന്നറിയിപ്പും ആശുപത്രി അധികൃതർ നൽകിയിരുന്നില്ല. നീതിക്കായി കേസുമായി മുന്നോട്ട് പോകും.” – അജിത്ത് (കുട്ടിയുടെ അമ്മാവൻ)

നിയമനടപടികളിലേക്ക് കുടുംബം:

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അടിയന്തര ഘട്ടങ്ങളിലല്ലാതെ ജനറൽ അനസ്തേഷ്യ നൽകാറില്ലെന്നിരിക്കെ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *