ദേശീയപാത ബേവിഞ്ചയിൽ കുന്നിടിച്ചിൽ ഭീതി; ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

ബേവിഞ്ച: കാലവർഷം കനത്തതോടെ ദേശീയപാത വികസനം നടക്കുന്ന ബേവിഞ്ചയിൽ കുന്നിടിച്ചിൽ ഭീതി ശക്തമാകുന്നു. സുരക്ഷ മുൻനിർത്തി ബേവിഞ്ചയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ചട്ടഞ്ചാൽ ഭാഗത്തേക്ക് പുതുതായി പണിത കുന്നിനോട് ചേർന്നുള്ള റോഡ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ അധികൃതർ താത്കാലികമായി അടച്ചു.

നിലവിൽ ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങൾ സമീപത്തുതന്നെയുള്ള മറ്റൊരു റോഡിലൂടെയാണ് കടത്തിവിടുന്നത്. ഒരേസമയം ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ ഈ റോഡിലേക്ക് പ്രവേശിക്കുന്നതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

അശാസ്ത്രീയമായ മണ്ണെടുപ്പ് എന്ന് പരാതി

ബേവിഞ്ചയിൽ ഏകദേശം 35 മീറ്ററോളം ഉയരത്തിലാണ് ശാസ്ത്രീയമല്ലാത്ത രീതിയിൽ കുന്ന് ഇടിച്ചു മാറ്റിയിട്ടുള്ളത്. മഴ കനക്കുന്നതോടെ ഇത് ഏതു നിമിഷവും താഴേക്ക് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷം (2025 ജൂൺ 16) ഇതിന് സമീപത്തുതന്നെ കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുകയും ദിവസങ്ങളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിരുന്നു.

മുമ്പ് ഇവിടെ നടത്തിയ മണ്ണ് സംരക്ഷണത്തിനായുള്ള ‘സോയിൽ നെയ്‌ലിങ്’ ജോലികൾ പൂർണ്ണമായിട്ടില്ല. കുന്നിടിച്ചിൽ ഭീതിയുള്ള സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമ്മാണവും മഴവെള്ളം ഒഴുക്കിപ്പോകാനുള്ള ഓവുചാലുകളുടെ നിർമ്മാണവും പൂർത്തിയാക്കുന്നതിന് മുൻപേ മഴ ശക്തമായതാണ് ഇപ്പോൾ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

അടിയന്തര യോഗം വ്യാഴാഴ്ച

കുന്നി ഇടിച്ചു തീർക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് കർമസമിതി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇത് അവഗണിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ബേവിഞ്ചയിലെ കുന്നിടിച്ചിൽ ഭീതിയുടെ പശ്ചാത്തലത്തിൽ കർമസമിതിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ബേവിഞ്ച മദ്റസ ഹാളിൽ യോഗം ചേരുമെന്ന് കൺവീനർ എം.ടി. നാസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *