ബേള വില്ലേജ് ഓഫീസിൽ കവർച്ച: ലാപ്ടോപ്പുകൾ കവർന്നു; ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ബദിയടുക്ക ബേള വില്ലേജ് ഓഫീസിൽ വൻ കവർച്ച. ഓഫീസിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ, സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് ലാപ്ടോപ്പുകൾ കവർന്നു. സംഭവത്തിൽ വില്ലേജ് ഓഫീസറുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

ജൂലൈ 20 വൈകിട്ട് 5:20-നും ജൂലൈ 21 രാവിലെ 10 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് പൂട്ടിപ്പോയ സമയത്ത് എത്തിയ അജ്ഞാതരായ മോഷ്ടാക്കൾ മുൻവാതിൽ തകർത്താണ് അകത്തുകടന്നത്. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ മൂന്ന് ലാപ്ടോപ്പുകളാണ് സംഘം കവർന്നത്.

ബേള വില്ലേജ് ഓഫീസർ പി.എസ്. ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ 305(e), 331(4), 334(1) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബദിയടുക്ക ഗ്രേഡ് സബ് ഇൻസ്‌പെക്ടർ എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വില്ലേജ് ഓഫീസിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വലയിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *