കാസർകോട് പൊലീസുകാരനെന്ന് വ്യാജേന ജ്വല്ലറിയിൽ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി ഗോവയിൽ പിടിയിൽ

കാസർകോട്: പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറി ഉടമയെ പറ്റിച്ച് 12.600 ഗ്രാം സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ യുവാവ് ബേക്കൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം നരിക്കല്ല് മുക്കം സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. ഗോവയിലെ ഒരു സുഖവാസ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബേക്കൽ പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിലായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്. താൻ കൊല്ലം സ്വദേശിയാണെന്നും കഴിഞ്ഞ ഏഴു മാസമായി ബേക്കൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനായ അഖിൽ രാജാണെന്നുമാണ് മനു ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചത്. ഈ വ്യാജപ്പേര് പറഞ്ഞ് വിശ്വാസം പിടിച്ചുപറ്റിയ ശേഷം രണ്ട് തവണകളായാണ് ഇയാൾ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങിയത്.
ആഭരണങ്ങളുടെ തുക ഗൂഗിൾ പേ വഴി അയച്ചതായി മൊബൈൽ ഫോൺ കാണിച്ച് ഇയാൾ ഉടമയെ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീട് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും താൻ കബളിപ്പിക്കപ്പെട്ടതാണെന്നും ജ്വല്ലറി ഉടമയ്ക്ക് ബോധ്യമായത്. തുടർന്ന് ഉടൻ തന്നെ ഇയാൾ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസെത്തി ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് തട്ടിപ്പുകാരനായ മനുവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ഗോവയിലുണ്ടെന്ന് കണ്ടെത്തുകയും, അവിടെയെത്തി പൊലീസ് സംഘം ഇയാളെ വലയിലാക്കുകയുമായിരുന്നു. പിടിയിലായ മനുവിനെതിരെ സമാന രീതിയിലുള്ള നിരവധി തട്ടിപ്പ് പരാതികൾ വേറെയുമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, സി.ഐ അനിൽ കുമാർ എം.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ അഖിൽ സെബാസ്റ്റ്യൻ, റോഷിത്, പ്രിൻസ് ജോൺ, എ.എസ്.ഐമാരായ ബാബു, ശൈലജ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ, സജിത്ത്, തോമസ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *