കാസർകോട്: കുമ്പള – മുള്ളേരിയ കെഎസ്‌ടിപി റോഡിലെ ഭാസ്‌കര നഗറിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.
കളത്തൂർ ഉളുവാർ സ്വദേശികളായ മുഹമ്മദ്, ഭാര്യ മറിയുമ്മ, മകൻ ജലീൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുമ്പളയിൽ നിന്ന് നായ്ക്കാപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഭാസ്‌കര നഗറിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞത്.
സ്ഥിരം അപകട മേഖലയായി ഭാസ്‌കര നഗർ
വാഹനാപകടങ്ങൾ നിത്യസംഭവമായി മാറുന്ന സാഹചര്യമാണ് ഈ ഭാഗത്തുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 25-ൽ അധികം അപകടങ്ങളാണ് ഈ ഒറ്റ സ്ഥലത്ത് മാത്രം നടന്നിട്ടുള്ളത്.
റോഡ് നിർമ്മാണത്തിലുണ്ടായ അപാകതയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.













Leave a Reply