കാസർകോട് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

കാസർകോട്: കാസർകോട് നഗരത്തിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഏഴ് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒൻപതേ മുക്കാലോടെ എം ജി റോഡിലെ ഫോർട്ട് റോഡ് ജംഗ്ഷനിലാണ് സംഭവം.

മഡോണ സ്കൂളിലെ വിദ്യാർത്ഥികളായ ആരാധ്യ (12), അഥർവ്വ (6), അർവിൻ (7), ടൗൺ മുനിസിപ്പൽ ഗവ. യു പി സ്കൂളിലെ വിദ്യാർത്ഥികളായ മറിയം (10), ദീപ്‌ന (12), അനശ്വര (10), ഇയാൻ സുനിൽ (6) എന്നിവർക്കും ഓട്ടോ ഡ്രൈവർ ഉമേശിനുമാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന പള്ളം ടി ഐ എ എൽ പി സ്കൂളിലെ വിദ്യാർത്ഥിനി റിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് ഓട്ടോറിക്ഷയിൽ നിന്ന് കുട്ടികളെ പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ് കുട്ടികളുടെ സ്കൂളുകളിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും ജനറൽ ആശുപത്രിയിലെത്തി. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ കുട്ടികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *