കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങി; കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട്: കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, നെല്ലിയടുക്കം ഉന്നതിയിലെ അനീഷിന്റെ മകൻ ആദിത്യൻ (15) ആണ് മരണപ്പെട്ടത്. തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാർഥിയാണ് ആദിത്യൻ.

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പനയാൽ കോട്ടപ്പാറ തോട്ടിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മറ്റ് മൂന്ന് കൂട്ടുകാർക്കൊപ്പം തോടിൽ കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കുളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ താഴുന്നത് കണ്ട് പരിഭ്രാന്തരായ കൂടെയുണ്ടായിരുന്ന കൂട്ടുകാർ ഓടിച്ചെന്ന് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് ആദിത്യനെ വെള്ളത്തിൽ നിന്ന് കരയ്ക്കടുപ്പിച്ചു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അശ്വിനിയാണ് മരണപ്പെട്ട ആദിത്യന്റെ മാതാവ്. സഹോദരങ്ങൾ: ആര്യനന്ദ (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി, ജി.എച്ച്.എസ് തച്ചങ്ങാട്), ആദർശ് (ഒന്നാം ക്ലാസ് വിദ്യാർത്ഥി, എസ്.എം.എ യു.പി സ്‌കൂൾ പനയാൽ).

Leave a Reply

Your email address will not be published. Required fields are marked *