ഡൽഹി ജന്തർ മന്തറിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ, കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെ ജന്തർ മന്തറിൽ പുതിയ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിലേക്ക് എത്തുവാൻ എല്ലാ ജനങ്ങളോടും അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിട്ടുണ്ട്. വരാൻ സാധിക്കാത്തവർ സ്വന്തം സംസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുലർച്ചെയോടെ സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സംഘം സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഈ സമയത്ത് അഭിജീത് ദീപ്‌കെ സമരവേദിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് അഭിജീത് ദീപ്‌കെയെ പോലീസ് താമസസ്ഥലത്ത് വീട്ടുതടങ്കലിലാക്കിയെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചിരുന്നെങ്കിലും, വിലക്കുകൾ ലംഘിച്ച് അദ്ദേഹം ജന്തർ മന്തറിൽ തിരിച്ചെത്തി സമരം പുനരാരംഭിക്കുകയായിരുന്നു. അതേസമയം, സോനം വാങ്ചുക്കിന് അടിയന്തര ചികിത്സ ആവശ്യമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിശദീകരണം. കോടതി നിർദ്ദേശപ്രകാരമാണ് ഇദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചത്.
സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്‌എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി വ്യക്തമാക്കി. സമരം തകർക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്നും പോലീസ് നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നടപടിക്ക് തൊട്ടുമുമ്പ് ജന്തർ മന്തർ പ്രദേശത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിലവിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രതിഷേധക്കാർ എത്രയും വേഗം സമാധാനപരമായി ജന്തർ മന്തർ ഒഴിഞ്ഞ് പോകണമെന്ന് ന്യൂഡൽഹി ഡിസിപി അറിയിച്ചിട്ടുണ്ട്. വൻ പോലീസ് സന്നാഹമാണ് നിലവിൽ ജന്തർ മന്തറിൽ ക്യാമ്പ് ചെയ്യുന്നത്.
















Leave a Reply