കോട്ടയം: ചങ്ങനാശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ 18-കാരൻ പിടിയിൽ. പത്തനംതിട്ട തിരുവല്ല സ്വദേശി ഗോകുൽ ബിനുവിനെയാണ് തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓടിച്ച ഇന്നോവ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
പായിപ്പാട് മുതൽ തെങ്ങണ വരെയുള്ള എട്ട് കിലോമീറ്ററോളം ദൂരമാണ് ഇന്നോവ കാറുമായി യുവാവ് അപകടകരമായ രീതിയിൽ പാഞ്ഞത്. യാത്രയ്ക്കിടെ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാർ തെങ്ങണയിൽ വെച്ച് സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ചക്രം ഊരിപ്പോയി. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന യുവാവ്, മൂന്ന് ചക്രങ്ങളുമായി വീണ്ടും മുന്നോട്ട് പോകാൻ ശ്രമിച്ചു.
തുടർന്ന് അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കാറിനെ പിന്തുടർന്ന് സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. തുടർ നടപടികളുടെ ഭാഗമായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിക്കേറ്റ സ്കൂട്ടർ യാത്രികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















Leave a Reply