ഷിറിയ പുഴയിൽ നിന്ന് അനധികൃത മണൽക്കടത്ത്: യുവാവ് പിടിയിൽ, ലോറി കസ്റ്റഡിയിൽ

കുമ്പള: ഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കളത്തൂർ ചെക്ക് പോസ്റ്റിന് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (20) ആണ് പിടിയിലായത്. മണൽ കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസിന് ഷിറിയ പുഴ കേന്ദ്രീകരിച്ച് അനധികൃത മണൽക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കട്ടത്തടുക്ക ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന ലോറി ശ്രദ്ധയിൽപ്പെട്ടു. വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പുഴയിൽ നിന്നുള്ള അനധികൃത മണൽക്കടത്താണെന്ന് വ്യക്തമായത്.

തുടർന്ന് ലോറി ഡ്രൈവർ അബ്ദുൽ ജലീലിനെ ഒന്നാം പ്രതിയായും, ഇതിന് ഒത്താശ ചെയ്ത ലോറി ഉടമയെ രണ്ടാം പ്രതിയായും ചേർത്ത് മണൽ മോഷണ കുറ്റം ചുമത്തി കേസെടുത്തു. കുമ്പള എസ്.ഐ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എ.എസ്.ഐ അതുൽറാം, ഗ്രേഡ് എ.എസ്.ഐ പ്രേമരാജൻ എന്നിവരുമുണ്ടായിരുന്നു. വരും ദിവസങ്ങളിലും അനധികൃത മണൽക്കടത്തിനെതിരെ കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *