കാസർകോട്: കോളേജ് വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ‘സ്റ്റെപ്പ് അപ്’ (STEP UP – Students Entrepreneurship Program for Uplifting the Youth) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവൺമെന്റ് കോളേജിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ നവീന ആശയങ്ങളെ സംരംഭകത്വത്തിലേക്ക് വഴിതിരിച്ചുവിടുന്നതിനാണ് ജില്ലാ ഭരണസംവിധാനം വ്യവസായ കേന്ദ്രവുമായി ചേർന്ന് ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ വ്യക്തമാക്കി.
ചടങ്ങിൽ കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി (IQAC) കോ-ഓർഡിനേറ്റർ പ്രൊഫ. ഡോ. പി. പുഷ്പലത സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ ക്ലാസിന് ഹോസ്ദുർഗ് ഉപജില്ലാ വ്യവസായ ഓഫീസർ ആർ.കെ. സ്മിത നേതൃത്വം നൽകി. അനന്തപുരം കൊക്കോക്രാഫ്റ്റ് ചോക്ലേറ്റ്സ് സംരംഭകരായ രത്നാകരൻ നമ്പ്യാർ, രാജി നമ്പ്യാർ എന്നിവർ തങ്ങളുടെ വിജയകരമായ സംരംഭക അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
ജില്ലയിലെ ആദ്യത്തെ ക്യാമ്പസ് വ്യവസായ പാർക്കിന് അനുമതി ലഭിച്ച ചീമേനി ഐ.എച്ച്.ആർ.ഡി (IHRD) കോളേജിനെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ സ്വാഗതവും കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ കെ. ശുഭ നന്ദിയും രേഖപ്പെടുത്തി.
വിദ്യാർത്ഥികൾക്ക് വിവിധ സംരംഭകത്വ സാധ്യതകളും സർക്കാർ നൽകുന്ന പിന്തുണയും പരിചയപ്പെടുത്തുക, സംസ്ഥാന സർക്കാരിന്റെ സംരംഭക സഹായ പദ്ധതികൾ, ലൈസൻസ് നടപടിക്രമങ്ങൾ, വിവിധ വകുപ്പുകൾ മുഖേന ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്രമായ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ‘സ്റ്റെപ്പ് അപ്’ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.












Leave a Reply