കാസർകോട്: ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ കാസർകോട് നഗരത്തിലെ എം.ജി റോഡ് വീതികൂട്ടുന്നതിനായി കെട്ടിട ഉടമ സ്ഥലം വിട്ടുനൽകി. എം.ജി റോഡിലെ പ്രമുഖ വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ പി.എ. മഹ്‌മുദ് ആണ് 4.30 മീറ്റർ സ്ഥലം നഗരസഭയ്ക്ക് വിട്ടുനൽകിയത്. ഇത് സംബന്ധിച്ച സമ്മതപത്രം നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലീമിന് അദ്ദേഹം കൈമാറി.
റോഡിൻ്റെ വീതിക്കുറവ് മൂലം എം.ജി റോഡിൽ രൂക്ഷമായ ട്രാഫിക് തടസ്സവും അപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്. അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ ഒരു വ്യാപാരി മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റോഡ് വീതികൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് വികസനത്തിന് വഴിയൊരുക്കി സ്ഥലം വിട്ടുനൽകാൻ കെട്ടിട ഉടമ മുന്നോട്ടുവന്നത്. എം.ജി റോഡിൻ്റെ ബാക്കി ഭാഗങ്ങളിലും ഇത്തരത്തിൽ റോഡ് വികസനം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സമീന മുജീബ്, ജാഫർ കമാൽ, നഗരസഭാ സെക്രട്ടറി പി.ബി. ഷാജു തുടങ്ങിയവർ സംബന്ധിച്ചു.












Leave a Reply