സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഫോൺ വിറ്റു; ചന്തേരയിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസെടുത്തു. നീർച്ചാൽ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ വൈ. ബൈജുവിനെതിരെയാണ് (41) ചന്തേര പൊലീസ് കേസെടുത്തത്. എസ്.ഐ വിഷ്‌ണുവിന്റെ പരാതിയിലാണ് നടപടി.

രാമന്തളി സ്വദേശിനി സുഭദ്രയുടെ ഉടമസ്ഥതയിലുള്ള റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോണാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കെ കാണാതായത്. സ്റ്റേഷനിൽ പ്രത്യേക സുരക്ഷാ കവറിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലുമാണ് അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഫോൺ കൈക്കലാക്കിയതായി വ്യക്തമായത്. തുടർന്ന് ഇയാൾ ഫോണിലുണ്ടായിരുന്ന സിം കാർഡ് ഒടിച്ച് നശിപ്പിക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിന്റെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബദിയടുക്ക സ്വദേശിയായ ഒരാൾ ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ ഫോൺ വിൽപന നടത്തിയ വിവരം പുറത്തുവന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *