മിനികൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് അടക്കം നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സുഹൈലിന് പുറമെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.

പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. നാലുമണിക്കൂറോളമാണ് കോടതിയിൽ ഇരുവിഭാഗവും തമ്മിൽ വാദപ്രതിവാദം നീണ്ടത്. പ്രതികൾക്ക് പ്രായക്കുറവുണ്ടെന്ന വാദവും, സുഹൈലിനെതിരെ ചുമത്തിയ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളും കോടതി തള്ളി. 19 വയസ്സുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തിയും ഭവിഷ്യത്തും വ്യക്തമായി അറിയാവുന്നവരാണ് പ്രതികളെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

അപകടസമയത്ത് സുഹൈൽ അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം അളവിൽ മദ്യം കഴിച്ചിരുന്നുവെന്ന ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഹാജരാക്കി. രക്തത്തിൽ അനുവദനീയമായ മദ്യത്തിന്റെ അളവ് 30 മില്ലിഗ്രാം ആയിരിക്കെ, സുഹൈലിന്റെ സാമ്പിളിൽ 150 മില്ലിഗ്രാമിലധികം മദ്യത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

സംഭവം നടന്ന ദിവസം ഉച്ചമുതൽ തന്നെ സുഹൈലും നിനവും ചേർന്ന് പലയിടങ്ങളിലായി മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വൈറ്റിലയിലെയും പാലാരിവട്ടത്തെയും ബാറുകളിലും തുടർന്ന് നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടലിലും ഇവർ മദ്യപാനം തുടർന്നിരുന്നു. പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള കർശന നടപടികളാണ് അന്വേഷണ സംഘം സ്വീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. തൃക്കാക്കരയിലെ കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളായ ഇവർ, ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *