ബന്തടുക്ക: പുതിയ വീടിനടിയിൽ അപ്രതീക്ഷിതമായി വലിയ തുരങ്കം രൂപപ്പെട്ട് വാസയോഗ്യമല്ലാതായതോടെ പെരുവഴിയിലായ കുടുംബത്തിന് കൈത്താങ്ങായി സി.പി.എം പടുപ്പ് ലോക്കൽ കമ്മിറ്റി. കുട്ടിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുകാലിലെ കെ. സദനും കുടുംബത്തിനും പുതിയ വീട് നിർമ്മിച്ച് നൽകാനായി വിപുലമായ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
വിവിധ സന്നദ്ധ-സാമൂഹിക സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ഏകോപിപ്പിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കുക. കഴിഞ്ഞ ഓഗസ്റ്റ് 28-ന് ഗൃഹപ്രവേശം നടക്കാനിരിക്കെ, ദിവസങ്ങൾക്ക് മുൻപാണ് സദന്റെ പുതിയ വീടിന്റെ തറയ്ക്കടിയിൽ ഭീമൻ തുരങ്കം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട് താമസയോഗ്യമല്ലെന്ന് വ്യക്തമാവുകയായിരുന്നു.
ഒറ്റമാവുകാൽ പീപ്പിൾസ് സ്വയംസഹായ സംഘം ഓഫീസ് പരിസരത്ത് ചേർന്ന ജനകീയ രൂപവത്കരണ യോഗം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭനകുമാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം ജി. രാജേഷ് ബാബു, എം. ഷമീർ കുമ്പക്കോട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മനോജ്, ഇ. പദ്മാവതി, സി. രാമചന്ദ്രൻ, എം. അനന്തൻ, കെ.എൻ. രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
- ചെയർപേഴ്സൺ: കെ. ശോഭനകുമാരി
- കൺവീനർ: മധു ആനക്കല്ല്
- ട്രഷറർ: കുട്ടികൃഷ്ണൻ












Leave a Reply