കാസർകോട്: അനന്തപുരം അക്ഷയ കേന്ദ്രത്തിന് സമീപ പ്രദേശങ്ങളിൽ ഫാക്ടറി മാലിന്യം കാരണം കിണർ വെള്ളം വ്യാപകമായി മലിനമാകുന്നതായി പരാതി. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്ക് കെമിക്കൽ മാലിന്യവും ഓയിലും കലർന്നതോടെ ഉപയോഗശൂന്യമായ അവസ്ഥയിലാണ് കിണറുകൾ.
സമീപകാലത്തായി പ്രദേശത്ത് ഉയർന്നുവന്ന ഫാക്ടറികളിൽ നിന്നുള്ള മാലിന്യമാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്. പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്ന നാട്ടുകാർക്ക് ഇതുവരെ ഇത്തരം ഒരു ദുരവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഫാക്ടറികൾ പ്രവർത്തനം തുടങ്ങിയതോടെ കിണർ വെള്ളത്തിന് കറുത്ത നിറവും കടുത്ത ദുർഗന്ധവുമായി മാറിയിരിക്കുകയാണ്. കൈ കഴുകാൻ പോലും ഈ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ കിണറുകളിൽ കട്ടിയിൽ ഓയിൽ പടർന്ന നിലയിലാണ്.
പ്രശ്നം രൂക്ഷമായതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് നിത്യോപയോഗത്തിനും കുടിക്കാനും വെള്ളമില്ലാതെ നെട്ടോട്ടമോടുന്നത്. വിഷയത്തിൽ ജില്ലാ കളക്ടർ നേരിട്ടെത്തി സ്ഥലം സന്ദർശിക്കണമെന്നും ഫാക്ടറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വാർഡ് മെമ്പർ ആവശ്യപ്പെട്ടു. ജനങ്ങളുടെ കുടിവെള്ള പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.














Leave a Reply