യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി വീഡിയോ പകർത്തി ഭീഷണി; പോക്‌സോ കേസ് ഭയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിനെതിരെ കേസ്

ബദിയടുക്ക: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി കുട്ടിക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിക്കുകയും, പോക്‌സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. വിട്ള സെറാജെ സ്വദേശിയായ മുപ്പത്തിയേഴുകാരനാണ് സംഘത്തിന്റെ ക്രൂരമായ ബ്ലാക്ക്‌മെയിലിംഗിന് ഇരയായത്.

കഴിഞ്ഞ 29-ന് വൈകിട്ട് ആറുമണിയോടെ ഉക്കിനടുക്കയിൽ വെച്ചാണ് സംഭവം. വഴിയിൽ തടഞ്ഞുനിർത്തിയ അഞ്ചംഗ സംഘം യുവാവിനെ മരവടി കാട്ടി ഭീഷണിപ്പെടുത്തി ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ചെർക്കളയ്ക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു.

മുറിക്കുള്ളിൽ വെച്ച് വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ അക്രമിസംഘം, അവിടെയുണ്ടായിരുന്ന കുട്ടിക്കൊപ്പം നിർത്തി മൊബൈലിൽ വീഡിയോ പകർത്തി. പിന്നാലെ ഈ ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ, വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്നും പോക്‌സോ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവാവിൽ നിന്ന് 1,02,000 രൂപ സംഘം തട്ടിയെടുത്തു.

പണം കൈക്കലാക്കിയ ശേഷം യുവാവിനെ സംഘം വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇയാൾ നേരിട്ട് ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *