മലപ്പുറം: വിവിധ സ്ഥലങ്ങളിൽ ആശുപത്രികൾ സജ്ജീകരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചതായി പരാതി. സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ‘ഷാൻ മെഡി സിസ്റ്റം’ എന്ന സ്ഥാപനമാണ് തട്ടിപ്പിനിരയായത്.
2020 മുതൽ പ്രതികൾക്കായി വിവിധ കേന്ദ്രങ്ങളിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചു നൽകിയിരുന്നുവെന്നും, എന്നാൽ ഇതിന്റെ പ്രതിഫലമായി ലഭിക്കേണ്ട 56 ലക്ഷം രൂപ നൽകാതെ പ്രതികൾ ഒത്തൊരുമിച്ച് ഗൂഢാലോചന നടത്തി വഞ്ചിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
കാസർഗോഡ് പുലിക്കുന്ന് സ്വദേശികളായ മുഹമ്മദ് സാഹിർ (43), ഡോ. അലി കെ.പി (62), ഡോ. തസ്നീഷ നർഗീസ് (36), ഡോ. ആയിഷത്ത് ഷംഷീറ (39), കോഴിക്കോട് വിൻസെന്റ് കോളനി സ്വദേശിയായ കണ്ടമത്ത് ഉദയരത്ത് ജെബ്സിർ എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ഭാരതീയ ന്യായ സംഹിതയിലെ (BNS) 318(4), 3(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. സംഭവത്തിൽ എസ്.ഐ ബിജു വി.എമ്മിനാണ് അന്വേഷണ ചുമതല.













Leave a Reply