തെക്കിൽപ്പുഴയിലേക്ക് മലിനജലം ഒഴുക്കി; ടാങ്കർ ലോറി കസ്റ്റഡിയിൽ, ഡ്രൈവർക്കെതിരെ കേസ്

ചട്ടഞ്ചാൽ: ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കർ ലോറിയിൽ നിന്ന് പൈപ്പ് വഴി തെക്കിൽപ്പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. ഉപ്പള മുളിഞ്ച കുണ്ടുപുനി സഫീന മൻസിലിൽ കെ. അബ്ദുൽ റഹിമാനെതിരെയാണ് (34) കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടുകാരുടെ സമയോചിത ഇടപെടൽ

ദേശീയപാതയോരത്ത് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ നിന്നും പൈപ്പ് വഴി തോട്ടിലേക്ക് മലിനജലം തുറന്നുവിടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മേൽപ്പറമ്പ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുമ്പോൾ ലോറിയിൽ നിന്ന് പുഴയിലേക്ക് മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. പൊലീസിനെ കണ്ടയുടൻ ഡ്രൈവർ പൈപ്പിന്റെ വാൾവ് പൂട്ടാൻ ശ്രമിച്ചെങ്കിലും പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു.

ബേക്കലിലെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം

ബേക്കൽ ഭാഗത്തെ വിവിധ ഹോട്ടലുകളിൽ നിന്ന് ശേഖരിച്ച മലിനജലമാണ് പുഴയിലേക്ക് തള്ളിയതെന്ന് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. പരിസരവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ജലാശയ മലിനീകരണവും സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *