കാസർകോട് എംജി റോഡിൽ വാഹനാപകടം; ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; മംഗളൂരുവിലേക്ക് മാറ്റി

കാസർകോട്: നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. തളങ്കര ബാങ്കോട് സ്വദേശിയും വിദ്യാനഗർ ബിസി റോഡിലെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപന ഉടമയുമായ ഹനീഫി (55) നാണ് അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലിനാണ് സാരമായി പരിക്കേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എംജി റോഡിലെ myG ഷോറൂമിന് എതിർവശത്തെ റോഡിലാണ് അപകടമുണ്ടായത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻ്റിലേക്ക് വരികയായിരുന്ന ഹനീഫിന്റെ സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹനീഫ് ലോറിക്കടിയിൽപ്പെടുകയായിരുന്നു.

വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക്

അപകടം നടന്ന ഉടൻതന്നെ നാട്ടുകാരും വ്യാപാരികളും ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. ഉടൻതന്നെ കാസർകോട് ജനറൽ ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കാലിനേറ്റ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എംജി റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു

അപകടം നടന്ന ഭാഗത്ത് വീതിക്കുറവും അശാസ്ത്രീയമായ പാർക്കിംഗും കാരണം ഗതാഗതക്കുരുക്ക് പതിവാണെന്ന് ഡ്രൈവർമാരും നാട്ടുകാരും ആരോപിക്കുന്നു. ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും ഗതാഗത നിയന്ത്രണത്തിനും ട്രാഫിക് പോലീസിന്റെ കൃത്യമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *