മഞ്ചേശ്വരം: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി വിഭാവനം ചെയ്ത ബൈത്തുറഹ്മ പദ്ധതി പൂർത്തീകരണത്തിലേക്ക്. പദ്ധതിയിലെ എട്ടാമത്തേതും അവസാനത്തേതുമായ ഭവന സമർപ്പണം 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വോർക്കാടി പഞ്ചായത്തിൽ വെച്ച് നടക്കും.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ പേസ് ഗ്രൂപ്പ് (PACE GROUP) മാനേജിങ് ഡയറക്ടർ മുഹമ്മദ് സൽമാൻ ഇബ്രാഹിം ഗുണഭോക്താവിന് ബൈത്തുറഹ്മയുടെ താക്കോൽ കൈമാറും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീമിന്റെ മരണാനന്തര ധനസഹായ വിതരണം ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ നിർവഹിക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് തല നേതാക്കളും കെ.എം.സി.സി ഭാരവാഹികളും നാട്ടുകാരും സംബന്ധിക്കും.
കെ.എം.സി.സി പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയോടെയാണ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഭവനരഹിതർക്ക് തണലൊരുക്കുന്ന ഈ അഭിമാന പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്.
ബൈത്തുറഹ്മ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം, മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന സമഗ്ര കുടിവെള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.












Leave a Reply