ഥാറിൽ ഡീസലടിച്ച് വ്യാജ ഡിജിറ്റൽ പേയ്മെന്റ് കാണിച്ച് മുങ്ങി; ഉപ്പളയിൽ യുവാവ് പിടിയിൽ

ഉപ്പള: പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് സന്ദേശം കാണിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. ഉപ്പള സ്വദേശി അഹമ്മദ് മുനാസിനെയാണ് (22) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 9.15-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപ്പള ഹിദായത്ത് നഗറിലെ എം.ആർ.പി.എൽ (പുരുഷോത്തമ ഫ്യൂവൽസ്) പെട്രോൾ പമ്പിൽ മഹീന്ദ്ര ഥാർ വാഹനത്തിലെത്തിയ പ്രതി, 4,282 രൂപയുടെ ഡീസൽ അടിക്കുകയായിരുന്നു. തുടർന്ന് പണം ഓൺലൈനായി നൽകിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് തെളിവ് ജീവനക്കാരെ കാണിച്ച ശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പൊലീസ് നടപടിയും അന്വേഷണവും

പമ്പ് ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 13 വ്യാഴാഴ്ചയാണ് മഞ്ചേശ്വരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 318(4), 316(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

എസ്.ഐ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച മഹീന്ദ്ര ഥാർ വാഹനം, മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. കാസർഗോഡ് ജില്ലയിൽ സമാനമായ രീതിയിൽ മറ്റ് ഇന്ധന പമ്പുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *