കാസർകോട് കാറിൽ കടത്താൻ ശ്രമിച്ച 162 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. എൻമകജെ പഞ്ചായത്തിലെ ഓർമ്പാടി, ഖണ്ഡിഗെ സ്വദേശിയായ അബ്ദുൽ അസീസ് ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പ്രതിയുടെ വീട്ടിന് മുന്നിൽ വെച്ചാണ് ബദിയഡുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ആർ. ജിഷ്‌ണുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തിയത്.

ഓണത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് പ്രത്യേക പരിശോധനകൾ കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

റെയ്ഡിൽ പങ്കെടുത്ത എക്സൈസ് സംഘം:

  • ഇൻസ്പെക്ടർ: ശ്രീനിവാസൻ പത്തിൽ
  • പ്രിവന്റീവ് ഓഫീസർമാർ: മഞ്ജുനാഥ ആൾവ കെ, സി. വിജയൻ, പ്രജിത്ത് കെ.ആർ
  • സിവിൽ എക്സൈസ് ഓഫീസർമാർ: എം. എ. പ്രഭാകര, എൻ. ജനാർദ്ദന, ബി. വിനോദ്, ടി. ധന്യ
  • ഡ്രൈവർ: എസ്. ജി. സാഗർ

പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നിലെ ലഹരി ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *