പുല്ലൂർ-പെരിയ പഞ്ചായത്തിൽ അവിശ്വാസ നീക്കത്തിനിടെ യുഡിഎഫിൽ നാടകീയ നീക്കം; കോൺഗ്രസ് അംഗം രാജിവെച്ചു

കാസർകോട്: പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിതക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ അവിശ്വാസ പ്രമേയ നീക്കം സജീവമായിരിക്കെ മുന്നണിയിൽ അപ്രതീക്ഷിത പ്രതിസന്ധി. കൂടാനം വാർഡ് അംഗവും കോൺഗ്രസ് പ്രതിനിധിയുമായ എ. കാർത്യായനി രാജിക്കത്ത് നൽകി.

ഇന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് കാർത്യായനി നേരിട്ടെത്തി രാജിക്കത്ത് കൈമാറിയത്. സ്വന്തം ലെറ്റർപാഡിലാണ് രാജിക്കത്ത് നൽകിയത്. എന്നാൽ, നിയമപ്രകാരമുള്ള ഫോർമാറ്റിലല്ലാതെ ലെറ്റർപാഡിൽ നൽകിയ രാജിക്കത്തിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ കത്ത് സ്വീകരിച്ചിട്ടില്ല.

തർക്കത്തിന് കാരണം പ്രസിഡന്റ് പദം

അവിശ്വാസ പ്രമേയം വിജയിച്ചാൽ അടുത്ത പ്രസിഡന്റ് ആരാകണം എന്നതിനെച്ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് കാർത്യായനിയുടെ രാജിയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

പഞ്ചായത്തിലെ കക്ഷിനില

ആകെ 19 അംഗങ്ങളാണ് പുല്ലൂർ-പെരിയ പഞ്ചായത്ത് ഭരണസമിതിയിലുള്ളത്.

  • എൽ.ഡി.എഫ്: 09
  • യു.ഡി.എഫ്: 09
  • ബി.ജെ.പി: 01

നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യവോട്ടുകൾ ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ഡോ. സി.കെ. സബിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ കക്ഷിനില തുലാസിലായിരിക്കെ കോൺഗ്രസ് അംഗം തന്നെ രാജിവെക്കാൻ ഒരുങ്ങിയത് യുഡിഎഫിന്റെ അവിശ്വാസ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *