വോർക്കാടിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നു; പന്നിപനിയെന്ന് ആശങ്ക

മഞ്ചേശ്വരം: വോർക്കാടിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നത് പ്രദേശവാസികളിൽ കടുത്ത ഭീതി പടർത്തുന്നു. പ്രദേശത്ത് പന്നിപ്പനി പടർന്നുപിടിച്ചതാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.

റോഡരികുകളിൽ ജഡങ്ങൾ

വോർക്കാടിയുടെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് റോഡരികുകളിലാണ് കാട്ടുപന്നികളുടെ ജഡങ്ങൾ തുടർച്ചയായി കാണപ്പെടുന്നത്. പെട്ടെന്ന് കൂട്ടത്തോടെ പന്നികൾ ചത്തു വീഴാൻ തുടങ്ങിയതോടെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ ആശങ്കയിലാണ് കഴിയുന്നത്.

വിഷപ്രയോഗമെന്നും സംശയം

സമീപകാലത്തായി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്ന ശല്യം രൂക്ഷമായിരുന്നു. വ്യാപകമായി വിളകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ആരെങ്കിലും വിഷം നൽകി അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ആരോഗ്യവകുപ്പ് പരിശോധനയ്ക്ക്

സംഭവം കടുത്ത ഭീതിയും ശുചിത്വ ഭീഷണിയും ഉയർത്തുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. പരിശോധനകൾക്ക് ശേഷമേ മരണകാരണം പന്നിപ്പനിയാണോ അതോ വിഷബാധയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *