കാസർകോട്: നെല്ലികുന്നിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന വിദ്യാർഥികൾ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ ഒൻപതരയോടെ നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് സംഭവം.
നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്‌കൂളിലെ വിദ്യാർഥികളും, സമീപത്ത് പ്രവർത്തിക്കുന്ന തങ്ങൾ ഉപ്പാപ്പാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.
അപകടത്തിലേക്ക് നയിച്ചത് റോഡിലെ കാടുകൾ
റോഡിലേക്ക് തള്ളിനിന്ന കാട് കുട്ടികളുടെ ദേഹത്ത് തട്ടാതിരിക്കാൻ ഡ്രൈവർ ബസ് ഒതുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടർന്ന് സമീപത്തെ കുഴിയിലുള്ള വള്ളിക്കാടുകളിലേക്ക് ബസ് മറിയുകയായിരുന്നു. റോഡരികിലെ വള്ളിക്കാടുകളിലേക്ക് പതിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
തകർന്നുതരിപ്പണമായി ബങ്കരക്കുന്ന് റോഡ്
അപകടം നടന്ന ബങ്കരക്കുന്നിലെ റോഡ് മാസങ്ങളായി പൂർണമായും തകർന്ന നിലയിലാണ്. വലിയ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.














Leave a Reply