ഹയർ സെക്കണ്ടറി ആർ.ഡി.ഡി ഓഫീസ് കാസർകോട്ടും വേണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ (ആർ.ഡി.ഡി) ഓഫീസോ സബ് ഓഫീസോ ഇല്ലാത്തത് അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ദുരിതമാകുന്നു. നിലവിൽ കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.

ഹയർ സെക്കണ്ടറി വിഭാഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉയർന്നാൽ കാസർകോടുള്ളവർ കണ്ണൂരിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. സ്കൂളുകളിൽ പ്രിൻസിപ്പൽ, അധ്യാപകർ എന്നിവരുടെ ഒഴിവുകൾ നികത്തുന്നതിനും മറ്റ് ഔദ്യോഗിക കാര്യങ്ങൾ ബോധിപ്പിക്കുന്നതിനും ജില്ലയിൽ സ്വന്തമായി ഓഫീസ് ഇല്ലാത്തത് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾക്കും പി.ടി.എക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിൽ, ഹയർ സെക്കണ്ടറി വിഭാഗം ആർ.ഡി.ഡിയുടെ ഒരു സബ് ഓഫീസെങ്കിലും കാസർകോട് ജില്ലയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ 17-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാഹിൻ കുന്നിൽ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ധീന് നിവേദനം നൽകി. കല്ലട്ര മാഹിൻ ഹാജി എം.എൽ.എ മുഖേനയാണ് നിവേദനം കൈമാറിയത്.

ഇതോടൊപ്പം, മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഉടൻ പ്രിൻസിപ്പലിനെ നിയമിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രിൻസിപ്പലിന്റെ അസാന്നിധ്യം മൂലം വിദ്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും വലിയ പ്രയാസമാണ് നേരിടുന്നതെന്ന് മാഹിൻ കുന്നിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *