മംഗൽപ്പാടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

കാസർകോട്: മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകനും മംഗൽപ്പാടി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിച്ച ശേഷം തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് അബൂബക്കർ അസാനെ കാണാതായത്. തുടർന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കുളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞതിനെ തുടർന്ന് നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് കുളത്തിൽ തിരച്ചിൽ നടത്തി. രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *