‘അമ്മ, ഐ ആം സോറി’; ഐജയുടെ സഹോദരൻ അർജുൻ എഴുതിയ കുറിപ്പ് കണ്ടെത്തി

കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഐജ ആർ. മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷിനെ (24) മംഗളൂരുവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശിയായ അർജുൻ ദുബായിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞദിവസമാണ് ഷാർജയിൽ നിന്നുള്ള വിമാനത്തിൽ അർജുൻ മംഗളൂരുവിൽ എത്തിയത്. തുടർന്ന് നഗരത്തിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. അവിടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

‘അമ്മ, ഐ ആം സോറി’

സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. “അമ്മ, ഐ ആം സോറി” എന്ന് കുറിപ്പിൽ എഴുതിയിരുന്നതായും, വിവരം ചില സുഹൃത്തുക്കളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. മംഗളൂരു വെൻലോക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.

പെങ്ങളെ തകർത്ത നീറ്റ് വിവാദം

കഴിഞ്ഞ ജൂൺ രണ്ടിനാണ് അർജുന്റെ സഹോദരി ഐജ ആർ. മഹേഷിനെ പാലാ ബ്രില്യൻസ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ നീറ്റ് പരിശീലനത്തിനായി ചേർന്ന ഐജ, പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും റദ്ദാക്കലിലും മനംനൊന്ത് ജീവനൊടുക്കിയ കേരളത്തിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയായിരുന്നു ഐജ.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായത്തിനായി വിളിക്കുക: ദിശ ഹെൽപ്പ് ലൈൻ: 1056, 0471 2552056

Leave a Reply

Your email address will not be published. Required fields are marked *