കാസർകോട്: ദേശീയപാത കാലിക്കടവിൽ കാറിൽ കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് പെരുമ്പാവൂർ സ്വദേശികൾ പോലീസിന്റെ പിടിയിലായി. 130 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. എറണാകുളം പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് ലഹരിക്കടത്ത് സംഘം കുടുങ്ങിയത്. ജില്ലാ പോലീസ് ചീഫിൻ്റെ ഡാൻസാഫ് (DANSAF) സ്ക്വാഡും ചന്തേര എസ്.ഐ മനു പി. ചെറിയാനും സംഘവും സംയുക്തമായാണ് ലഹരി വേട്ട നടത്തിയത്. എറണാകുളത്തുനിന്നും കാസർകോട്ടേയ്ക്ക് വരികയായിരുന്ന ഇവരുടെ കാർ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.
കാസർകോട്ടുള്ള പ്രാദേശിക ലഹരി ഏജന്റുമാർക്ക് വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്നാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.














Leave a Reply